കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റില്‍ എംഎല്‍എ ആയ കല്ലളന്‍ വൈദ്യര്‍ കാസര്‍കോഡ് നീലീശ്വരം ദ്വയാംഗമണ്ഡലത്തില്‍ നിന്നും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിനൊപ്പമായിരുന്നു ജനവിധി തേടിയത്. നമ്പൂരിപ്പാടിനേക്കാള്‍ ഭൂരിപക്ഷവും കല്ലളന്‍ വൈദ്യനായിരുന്നു. എന്നിട്ടും അനുസ്മരണങ്ങളിലോ ആദരാര്‍പ്പണങ്ങളിലോ നമ്പൂതിരിപ്പാടിനോട് ഒരു തുല്യത കല്ലളന് എന്തുകൊണ്ട് ലഭിക്കാതെ പോയി? കാരണം കല്ലളന്‍ വൈദ്യന്‍ ആദിവാസിയായിരുന്നു, അതു തന്നെ!
കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലുള്ള മടിക്കൈയിലെ കുണ്ടേനയിലാണ് കല്ലളന്‍ ജനിച്ചത്. അച്ഛന്റെ പേരും കല്ലളന്‍ എന്നു തന്നെയാണെന്നറിയുന്നു. അമ്മ കുമ്പയും ഭാര്യയുടെ പേര് മാണിക്യം എന്നുമായിരുന്നു. ബോളന്‍, ബീരന്‍, ഗോവിന്ദന്‍ എന്നിവരാണ് കല്ലളന്‍ വൈദ്യരുടെ മക്കള്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കര്‍ഷക സംഘത്തിന്റേയും പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ കല്ലളന്‍ വൈദ്യര്‍ രംഗപ്രവേശനം ചെയ്തു. അതോടൊപ്പം പരമ്പരാഗത സിദ്ധിയുടെ പിന്‍ബലത്തില്‍ വിഷചികിത്സയില്‍ വൈദഗ്ധ്യം തെളിയിച്ച് കല്ലളന്‍ വൈദ്യനെന്ന സല്‍പ്പേരിനും ഉടമയായി. 1938 - 1950 കാലഘട്ടത്തില്‍ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഭരണ സമിതിയില്‍ അംഗമായി. തുടര്‍ന്നുള്ള 1953 - 1963 കാലഘട്ടത്തിലും 1963 - 1973 കാലഘട്ടത്തിലും ഇതേ ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായും തെരഞ്ഞടുക്കപ്പെട്ടു. 1975 ല്‍ കല്ലളന്‍ വൈദ്യര്‍ അന്തരിച്ചു.
രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടുന്ന കല്ലളന്‍ വൈദ്യരെ പോലെയുള്ള ആദിവാസികള്‍ വിരളമാണ്. ആ കാരണം കൊണ്ടുതന്നെ വിസ്മൃതിയിലാഴ്ത്തുന്നു എന്നതും ജാതി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നെറികേടു കൂടിയാണ്.
No comments:
Post a Comment