അഭിനന്ദിക്കണം .. !!
കരിമുട്ടി പട്ടികവർഗ്ഗ കോളനിയിലെ ആദ്യ എം.ബി.എ ക്കാരി വനിതാ വി ..!!
കഷ്ടപ്പാടുകള്‍ ഏറെ താണ്ടി മറയൂര്‍ സര്‍ക്കാര്‍ സ്‌കൂളിലും പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ആയി 12ാം ക്ലാസ് വരെ പഠിച്ച വനിത പിന്നീട് മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ബികോമിനു ചേര്‍ന്ന് മികച്ച മാര്‍ക്കില്‍ ഡിഗ്രി കരസ്ഥമാക്കുകയും തുടര്‍ന്ന് കോളേജില്‍ പിഎച്ച്ഡിക്കാരിയായ പ്രിയങ്ക എന്ന സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും സ്വീകരിച്ചുകൊണ്ട് കോതമംഗലം മറൈന്‍ അക്കാദമിയില്‍ എച്ച്ആര്‍ മാനേജ്മെന്റിനു ചേര്‍ന്നു പഠനം ആരംഭിച്ചു. പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയാണ് വനിത തന്റെ പഠനകാലം പൂര്‍ത്തിയാക്കിയത്.
ഇവരുടെ കോളനിയില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ തന്നെ വളരെ കുറവാണ് എന്നു കൂടി ചിന്തിക്കുമ്പോള്‍ വനിത കരസ്ഥമാക്കിയിരിക്കുന്നത് പത്തരമാറ്റിന്റെ വിജയമാണെന്ന് വ്യക്തം. അദ്ധ്യാപകരോ സുഹൃത്തുക്കളോ ഒക്കെ സഹായിച്ചാണ് വനിതയുടെ പഠനം പൂര്‍ത്തീകരിച്ചത്.
മൂന്നുലക്ഷം രൂപയുടെ കടം ഉണ്ട് ഇപ്പോള്‍ വനിതയുടെ കുടുംബത്തിന്. മനോരോഗിയായ അച്ഛനും രണ്ടു സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബത്തെ ഇത്രനാളും താങ്ങി നിര്‍ത്തിയത് വനിതയുടെ അമ്മയാണ്. കൂലിപ്പണിക്കു പോയും തൊഴിലുറപ്പ് ജോലികളെടുത്തും അമ്മ വനിതയുടെ പഠനം ഒരു തരത്തിലും മുടങ്ങാതെ കാത്തുവച്ചു.
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഇരുളില്‍ കിടന്നിരുന്ന വിഭാഗത്തെ പ്രചോദിപ്പിച്ചുകൊണ്ടാണ് വനിത ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. വനിതയുടെ പൂര്‍വ്വികരുടെ ചരിത്രം പരിശോധിച്ചാല്‍ ടിപ്പുവിന്റെ പടയോട്ട കാലത്തു തമിഴ്നാട്ടില്‍ നിന്നു കേരളത്തില്‍ എത്തിയവരാണ് ഇവര്‍ എന്നു കണ്ടെത്താം. മൂവായിരത്തില്‍ താഴെ മാത്രമാണ് ഇവരുടെ ജനസംഖ്യ. കേരളത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ തന്നെ ഏറ്റവും താഴെതട്ടില്‍ കിടക്കുന്ന മലപ്പുലയന്മാര്‍ കാട്ടില്‍ നിന്നും പുല്‍ത്തൈലം നിര്‍മ്മിച്ചും കന്നുകാലികളെ മേയ്ച്ചുമാണ് ഉപജീവനം കഴിച്ചിരുന്നത്. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പരമ്പരാഗതമായി തുടര്‍ന്നു വന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. സര്‍വ്വ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മലപ്പുലയന്മാരുടെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ്. ഈ വിഭാഗം കുറിച്ച്യര്‍, മലയരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഒപ്പമെത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സ്വന്തം വിഭാഗത്തില്‍ നിന്നു തന്നെ ഒരു മന്ത്രി ഉണ്ടായിരുന്നിട്ടു പോലും ഒരു തരത്തിലുമുള്ള സഹായവും ലഭിച്ചില്ലെന്ന് വനിത പറയുന്നു. മന്ത്രി ജയലക്ഷ്മി കുറിച്യ വിഭാഗത്തിലെ ജനപ്രതിനിധി മാത്രമായിരുന്നില്ല, പട്ടികവര്‍ഗ്ഗ ക്ഷേമമന്ത്രി കൂടിയായിരുന്നു എന്നുള്ളത് അവഗണനയുടെ വേദനക്ക് ആക്കം കൂട്ടുന്നു. പലതവണ സഹായം അഭ്യര്‍ത്ഥിച്ചിട്ടും മന്ത്രി ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല. അതേസമയം വയനാട്ടില്‍ മണിക്കുട്ടന്‍ പണിയന്‍ എംബിഎ നേടിയപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് മുന്‍മന്ത്രി പികെ ജയലക്ഷ്മി കൈമാറിയതും ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടത്.
മന്ത്രി സഹായിച്ചതിന്റെ ഉദാഹരണങ്ങള്‍ മുന്നില്‍ നില്‍ക്കെ പഠനസഹായം തേടി താന്‍ പലതവണ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിട്ടും തന്നെ മന്ത്രി തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്ന് വനിതക്ക് ഇപ്പോഴും അറിയില്ല. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ജാതിഭേദം മുതല്‍, താന്‍ പഠിക്കാന്‍ തെരഞ്ഞെടുത്ത ഇടംവരെ അതില്‍ പങ്കുവഹിച്ചിട്ടുണ്ടാവാം എന്നാണ് വനിത സംശയിക്കുന്നത്. കോഴിക്കോട് ക്രസ്റ്റില്‍ പിജിപിസിറ്റിഡി എന്ന പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പഠനം ആരംഭിക്കാനിരിക്കുകയാണ് വനിത.
”വലിയ വലിയ ആഗ്രഹങ്ങള്‍ക്കു പിന്നാലെയൊന്നും പോയിട്ടില്ല. ഒരു ജോലി വേണം എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആദിവാസി എന്ന പേരിലും പലരും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഏറെ വിഷമിപ്പിച്ചത് മറൈന്‍ അക്കാദമിയിലെ പഠനകാലത്തെ ചില സുഹൃത്തുക്കളാണ്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ പണം മോഷ്ടിച്ചതു ഞാനാണ് എന്നുവരെ ചിലര്‍ പറഞ്ഞുപരത്തി. ഇതൊക്കെ ആദിവാസി ആയതിനാലും പണവും ബലവും ഇല്ലാത്തതിനാലും ആണല്ലോ എന്നത് എന്നെ വളരെയധികം തളര്‍ത്തിയിട്ടുണ്ട്. പക്ഷെ അപ്പോഴും എന്തും സഹിച്ച് പഠിക്കണം എന്നു തന്നെയായിരുന്നു തീരുമാനം.”വനിതയുടെ ഈ വാക്കുകളിലുണ്ട് താന്‍ പടവെട്ടി നേടിയ വിജയത്തിന്റെ പിന്നിലെ കണ്ണീര്‍.
ദാരിദ്ര്യവും അവഹേളനവും സഹിച്ചത് എല്ലാം തന്റെ കുടിയുടെ കൂടി നല്ല നാളേക്ക് വേണ്ടിയാണെന്ന് സാക്ഷ്യപ്പെടുന്നു. ”എന്നെ പഠിപ്പിച്ച മറൈന്‍ അക്കാദമിയിലെ സാര്‍ ആവശ്യപ്പെട്ടത് എന്നെ അദ്ദേഹം സഹായിച്ച പോലെ ഞാന്‍ മറ്റൊരാളുടെ വിദ്യാഭ്യാസത്തിന് സഹായിക്കണമെന്നാണ്. ഇതൊക്കെയാണ് എന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. എന്റെ കുടിയിലെ ആരും സമൂഹത്തില്‍ തഴയപ്പെടാന്‍ ഇടവരരുത്. എല്ലാവര്‍ക്കും പഠിക്കാനും കഴിക്കാനും സൈ്വര്യജീവിതം നയിക്കാനും ഉള്ള വക വേണം. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം,” പഠനകാലത്ത് തനിക്ക് സഹിക്കേണ്ടി വന്ന അപമാനങ്ങള്‍ക്കു മറുപടിയായി ഒരു ചെറുചിരിയോടെ തന്റെ എംബിഎ ഡിഗ്രി ഉയര്‍ത്തിക്കാണിക്കുന്ന വനിതയുടെ മധുരപ്രതികാരമാണിത്.
”കുടിയില്‍ പുരുഷന്‍മാരെല്ലാവരും തന്നെ മദ്യപാനികളാണ് എന്ന് പറയേണ്ടി വരും. പത്തുവയസ്സു കഴിയുമ്പോഴേ ആണ്‍കുട്ടികള്‍ പലരും മദ്യപിക്കാന്‍ ആരംഭിക്കും. കൗണ്‍സിലിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിന് ഒരു മാറ്റം വരുത്താന്‍ സഹായിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തക ധന്യാരാമനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.”വനിത തന്റെ കുടിയോടുള്ള കടമകള്‍ നിര്‍വ്വഹിച്ചു തുടങ്ങിയിരിക്കുന്നു.
കടപ്പാട്- പ്രമീള എസ്, ബിഗ് ന്യൂസ് പോർട്ടൽ
Source: Facebook post by Rupesh Kumar